Life Story

വിമർശിച്ചവരെക്കൊണ്ട് കയ്യടിപ്പിച്ച അതുല്യപ്രതിഭ : ക്രിസ്റ്റിയാനോ റൊണാൾഡോയുടെ കഥ

ഫുട്ബോൾ ലോകം മുഴുവൻ ഖത്തറിലേക്ക് ഉറ്റുനോക്കുകയാണ്. ഇതിഹാസ താരങ്ങളായ മെസ്സിയും റൊണാൾഡോയും തങ്ങളുടെ അവസാന ലോകകപ്പായി ഇതിനെ കാണുന്നു. ഈ ലോകകപ്പ് നേടുന്നതിലൂടെ തങ്ങളുടെ ഫുട്ബോൾ കരിയർ കംപ്ലീറ്റ് ചെയ്തു എന്ന് അവർക്ക് അഭിമാനിക്കാം. എന്നാൽ തന്റെ മുപ്പത്തിയെട്ടാം വയസ്സിലും ഏതൊരു കളിക്കാരനെക്കാളും ആർജവത്തോടെ വല കുലുക്കുന്ന റൊണാൾഡോ തനിക്കിനിയും ലോകകപ്പ് ബാക്കിയുണ്ടെന്നു ഓർമിപ്പിക്കുന്നു. ജനിച്ച നാൾ മുതൽ അദ്ദേഹം അനുഭവിച്ച വെല്ലുവിളികളിൽ നിന്ന് നേടിയെടുത്ത അഭിനിവേശം. അതാണ് റൊണാൾഡോയുടെ കൈമുതൽ.

വിമർശിച്ചവരെക്കൊണ്ട് കയ്യടിപ്പിച്ച അതുല്യപ്രതിഭ : ക്രിസ്റ്റിയാനോ റൊണാൾഡോയുടെ കഥ

1985 ഫെബ്രുവരി 5 പോർച്ചുഗലിലെ മഡെയ്റ ദ്വീപിലെ ഒരു ദാരിദ്ര്യം നിറഞ്ഞ വീട്ടിൽ മുഴുകുടിയനായ അച്ഛന്റെയും കുടുംബഭാരം മുഴുവൻ ചുമലിലേറ്റി വീട്ടുവേലകൾക്ക് പോകുന്ന അമ്മയുടെയും മൂന്ന് സഹോദരങ്ങളുടെയും ഇടയിലേക്കാണ് റൊണാൾഡോ ജനിച്ചു വീഴുന്നത്. ദാരിദ്ര്യം മൂലം തനിക്ക് ഈ കുഞ്ഞിനെ പോറ്റാൻ കഴിയില്ല എന്ന് കരുതി ഗർഭചിദ്രം നടത്താൻ വരെ ആ അമ്മ തീരുമാനിച്ചതാണ്. പക്ഷെ അവസാന നിമിഷം ആ അമ്മ പിന്തിരിഞ്ഞതുകൊണ്ട് കായികലോകത്തിന് ഒരു ഇതിഹാസത്തെ ലഭിച്ചു. തന്റെ കുടുംബത്തിലെ ദാരിദ്ര്യം മൂലം കുട്ടികാലത്തു കളിപ്പാട്ടങ്ങളോ ക്രിസ്മസ് ഗിഫ്റ്റുകളോ ലഭിച്ചിരുന്നില്ലെന്ന് ക്രിസ്റ്റിയാനോ പറഞ്ഞിട്ടുണ്ട്. പലപ്പോഴും ദാരിദ്ര്യം മൂലം ആവശ്യത്തിനുള്ള ഭക്ഷണം പോലും ലഭിച്ചിരുന്നില്ല. കുഞ്ഞിലേ തന്റെ വീട്ടിൽ ഫുട്ബോൾ കളിച്ചു തുടങ്ങിയ റൊണാൾഡോ തന്റെ പട്ടിണിയെ മറികടക്കാൻ ഫുട്ബോളിനെ കൂട്ടുപിടിച്ചു.

Cristiano Ronaldo

റൊണാൾഡോയുടെ അച്ഛൻ അന്റോറീന ക്ലബ്ബിൽ അംഗമായിരുന്നു. 1992 ൽ വെറും 8 വയസ്സ് മാത്രം പ്രായമുള്ളപ്പോൾ റൊണാൾഡോക്ക് അന്റോറീന ക്ലബ്ബിൽ അവസരം ലഭിച്ചു. അവിടെനിന്നും മൂന്ന് വർഷത്തിന് ശേഷം നാസിയോനാൽ ക്ലബ്ബിൽ റൊണാൾഡോ ചേക്കേറി. വീണ്ടും രണ്ട് വർഷങ്ങൾക്ക് ശേഷം പോർച്ചുഗലിലെ ഫേമസ് ക്ലബ്ബായ സ്പോർട്ടിങ് ക്ലബ്‌ പോർച്ചുഗലിൽ റൊണാൾഡോയെ ഉൾപ്പെടുത്തി. അതോടെ പോർച്ചുഗലിലെ ലിസബണിലേക്ക് ക്ലബ്ബിനോടൊപ്പം റൊണാൾഡോ യാത്രയായി. ലിസ്ബനിലെത്തിയ റൊണാൾഡോക്ക് വിമർശനങ്ങളാണ് ഏറ്റുവാങ്ങേണ്ടി വന്നത്. തീരെ മെലിഞ്ഞ ശരീരപ്രകൃതിയായതിനാൽ ഈ താരത്തിനു വലിയ ഭാവിയൊന്നും ഉണ്ടാകുവാൻ വഴിയില്ലെന്നു അധികൃതർ പറഞ്ഞു.

വീട്ടിലെ പട്ടിണി മൂലം ശരിയായ ആഹാരം ലഭിക്കാതിരുന്ന റൊണാൾഡോക്ക് ക്ലബ്ബിലെത്തിയതോടെ നല്ല ഭക്ഷണം ലഭിച്ചുതുടങ്ങി. ഇതോടെ അദ്ദേഹം മസിൽ സ്‌ട്രെങ്തനിങ് വ്യായാമങ്ങൾ ചെയ്യുവാൻ തുടങ്ങി. മറ്റുള്ളവർ പ്രാക്ടീസ് ചെയ്ത് പോയാലും കിടന്നുറങ്ങുമ്പോഴായാലും അദ്ദേഹം തന്റെ ശരീരം നന്നാക്കിയെടുക്കുന്നതിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. അങ്ങനെ കഠിനമായ പരിശ്രമത്തിലൂടെ കായികക്ഷമത നേടിയെടുത്ത അദ്ദേഹം വിമർശകരുടെ വായടപ്പിച്ചു. വേഗതയിൽ ക്രിസ്ത്യനോയെ വെല്ലാൻ ക്ലബ്ബിൽ ആരുമില്ലെന്ന അവസ്ഥയായി.

ക്ലബ്ബിൽ പതിമൂന്നാം വയസ്സിൽ തന്നെ സഹകളിക്കാരുടെ ഹീറോയാകാൻ റൊണാൾഡോക്ക് കഴിഞ്ഞു. കുട്ടികൾ റൊണാൾഡോയെ ആരാധനയോടെ വീക്ഷിക്കുവാൻ തുടങ്ങി. പക്ഷെ ഫുട്ബോളിൽ മാത്രം ശ്രദ്ധയൂന്നിയ റൊണാൾഡോക്ക് പഠിത്തത്തിൽ ശ്രദ്ധിക്കുവാൻ കഴിഞ്ഞില്ല. അതുകൊണ്ടു തന്നെ അധ്യാപകരുടെ കണ്ണിലെ കരടായി റൊണാൾഡോ മാറി. ഒരിക്കൽ തന്നെ അപമാനിച്ച അധ്യാപികക്ക് നേരെ റൊണാൾഡോ കസേരയെടുത്തെറിഞ്ഞു. അതോടെ റൊണാൾഡോയുടെ വിദ്യാലയജീവിതം അവസാനിച്ചു. ഇതോടെ റൊണാൾഡോയുടെ ജീവിതം മുഴുവൻ ഫുട്ബോളായി മാറി. എന്നാൽ അതിനിടയിൽ ഹൃദയമിടിപ്പ് ക്രമതീതമായി കൂട്ടുന്ന ടെക്കികാർഡിയ എന്ന രോഗം റൊണാൾഡോയെ പിടികൂടി. അതീവ ഗൗരവമേറിയ ഒരു ശസ്ത്രക്രിയയിലൂടെയാണ് അത് മാറ്റിയെടുത്തത്. ഇനി ഫുട്ബോൾ കളിക്കാനാകില്ലെന്നു ഡോക്ടർമാർ പറഞ്ഞെങ്കിലും തന്റെ മനസ്സാന്നിധ്യത്തിലൂടെ റൊണാൾഡോ തിരിച്ചുവന്നു.

സ്പോർട്ടിങ് ലിസ്ബേണിന്റെ യൂത്ത് ടീമിന് വേണ്ടി കളിച്ചിരുന്ന റൊണാൾഡോ മെയിൻ ടീമിന് വേണ്ടി കളിച്ചുതുടങ്ങി. ക്ലബ്ബിന്റെ മാനേജരായ ലാസ്‌ലോ ബാലോനി റൊണാൾഡോയിലെ പ്രതിഭയെ തിരിച്ചറിഞ്ഞു. പതിനഞ്ച് വയസ്സ് മാത്രം പ്രായമായ റൊണാൾഡോയെ അണ്ടർ 16 മുതൽ അണ്ടർ 18 വരെയുള്ള ടീമുകളിൽ അദ്ദേഹം ഉൾപ്പെടുത്തി. എന്തിനേറെ സ്പോർട്ടിങ് ടീമിലെ മെയിൻ ടീമിലും ആ സീസണിൽ തന്നെ കളിക്കാൻ റൊണാൾഡോക്ക് കഴിഞ്ഞു. ഒരേ സീസണിൽ തന്നെ എല്ലാ ടീമുകളിലും കളിക്കാൻ സാധിച്ച വ്യക്തിയാണ് റൊണാൾഡോ.

2002 സെപ്റ്റംബർ 29 നു ആണ് റൊണാൾഡോ പ്രീമിയർ ലീഗിൽ അരങ്ങേറുന്നത്. ഇതോടെ ക്ലബ്ബുകൾ റൊണാൾഡോക്കുവേണ്ടി പിടിവലിയായി. 2003 ഇൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ്ബിൽ അരങ്ങേറിയ റൊണാൾഡോക്ക് പ്രശസ്തമായ 7 ആം നമ്പർ ജർസിയാണ് ഫെർഗുസൻ നൽകിയത്. 2009 ൽ റയൽ മാഡ്രിഡ്‌ 94 മില്യൺ യൂറോക്ക് അതായത് 800 കോടി ഇന്ത്യൻ രൂപക്ക് റൊണാൾഡോയെ വാങ്ങി. റയൽ മാഡ്രിഡിന് വേണ്ടി പത്തുവർഷത്തോളമാണ് റൊണാൾഡോ കളിച്ചത്. മുപ്പതാം വയസ്സിൽ യുവേന്റ്‌സ് 100 മില്യൺ ഡോളറിനു റൊണാൾഡോയെ സ്വന്തമാക്കി. അതോടെ ഫുഡ്‌ബോൾ ചരിത്രത്തിലെ ഏറ്റവും വില കൂടിയ താരമായി റൊണാൾഡോ മാറി. ഇൻസ്റ്റാഗ്രാം ചരിത്രത്തിൽ 500 മില്യൺ തികക്കുന്ന ആദ്യ വ്യക്തിയാണ് റൊണാൾഡോ. ഇപ്പോഴും താൻ ഫുട്ബോളിനെക്കുറിച്ചു പഠിച്ചുകൊണ്ടിരിക്കുകയാണെന്നാണ് റൊണാൾഡോ പറയുക. മറ്റു പലതാരങ്ങളും വിരമിക്കാൻ തീരുമാനിക്കുന്ന പ്രായത്തിൽ ഇപ്പോഴും തന്നെ കളിപ്പിക്കുന്ന ക്ലബ്ബുകളുടെ രക്ഷകനായി മാറാൻ റൊണാൾഡോ എന്ന പ്രതിഭക്ക് കഴിയുന്നു.

Leave a Reply

Your email address will not be published. Required fields are marked *